മോഹന്‍ലാല്‍ ചിത്രമായ ‘ഗ്രാന്റ് മാസ്റ്റര്‍ ’ തിയേറ്ററുകളിലെത്തി. കുറ്റാന്വേഷണകഥകളുടെ സ്വഭാവത്തില്‍ കുറ്റമറ്റ ത്രില്ലര്‍ ഒരുക്കാന്‍ ഗ്രാന്റ് മാസ്റ്ററിലൂടെ തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന് സാധിച്ചെന്ന് ആദ്യദിനപ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.ആഖ്യാനവേഗത്തില്‍ നിന്നകലാതെ കഥാന്ത്യം വരെ പ്രേക്ഷകനെ കൂടെ നിര്‍ത്താന്‍ ഗ്രാന്‍ഡ് മാസ്റ്ററിന് സാധിച്ചു. കവര്‍ സ്റ്റോറി മുതല്‍ ത്രില്ലര്‍ വരെ പ്രചോദിത തിരരൂപങ്ങള്‍ കണ്ട് തിരക്കെഴുത്തില്‍ സിനിമയൊരുക്കിയ സംവിധായകന് കയ്യൊപ്പിടാവുന്ന ചിത്രമാകുന്നുണ്ട് ഗ്രാന്‍ഡ് മാസ്റ്റര്‍. ക്രൈം ത്രില്ലറുകളുടെ സാമ്പ്രദായിക കഥാഗതിയും ട്വിസ്‌ററുകളും പിന്തുടരാതെ പിഴവുകളില്ലാത്ത പുതിയ കഥപറച്ചിലിന്റെ സസ്‌പെന്‍സ് സമ്മാനിക്കുന്നുണ്ട്.പ്രായത്തെ ഉള്‍ക്കൊള്ളുന്ന കഥാപാത്രത്തെ സ്വീകരിച്ച് മാനറിസങ്ങളിലെ ആകര്‍ഷണത്തിനൊപ്പം ഐജി ചന്ദ്രശേഖറായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ആരാധകര്‍ക്ക് മാത്രമല്ല നല്ല സിനിമയുടെ ആസ്വാദകര്‍ക്കും കലര്‍പ്പില്ലാത്ത കാഴ്ചയാകുന്നു ചിത്രം.കെട്ടിയാടലുകളില്‍ കാഴ്ച മറഞ്ഞ ആസ്വാദകര്‍ക്ക് തൃപ്തിയേകുന്ന ചിത്രം അവധിക്കാല മത്സരത്തില്‍ പിന്നിലാകില്ലെന്ന് ഉറപ്പാണ്.
മലയാള സിനിമാലോകം വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഗ്രാന്‍ഡ് മാസ്റ്റര്‍ ഒടുവില്‍ തീയറ്ററുകളിലെത്തിയിരിക്കുന്നു. ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനികളിലൊന്നായ യുടിവി മോഷന്‍ പിക്ചേഴ്സ് മലയാള സിനിമാ ലോകത്തേയ്ക്ക് വന്നിരിക്കുകയാണ്.ബി ഉണ്ണികൃഷ്ണന്‍ തിരക്കഥയും സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ മോഹന്‍ലാല്‍ ചിത്രം പറയുന്നത് ഒരു പോലീസ് സ്റ്റോറിയാണ്.പോലീസ് കഥകള്‍ പറയുന്ന സിനിമകളില്‍ സാധാരണ കണ്ടു വരാറുള്ള നെടുങ്കന്‍ ഡയലോഗുകളും വിശ്വസനീയമല്ലാത്ത ആക്ഷന്‍ രംഗങ്ങളുമായി കളം നിറയുന്ന സിനിമാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുകയാണ് ഗ്രാന്‍ഡ് മാസ്റ്ററിലെ ഐ ജി ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തിലൂടെ മോഹന്‍ലാല്‍.മാറി വരുന്ന സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ച് സ്വാഭാവികമായ അഭിനയ ശേഷിയുടെ പിന്‍ബലത്തോടെ തന്നിലെ നടനെ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കുകയാണ് മോഹന്‍ലാലെന്നു നിസ്സംശയം പറയാം.ഓരോ നിമിഷവും പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ത്രില്ലറാണ് ഗ്രാന്‍ഡ് മാസ്റ്റര്‍.അനാവശ്യമായ ഗാനരംഗങ്ങളോ സംഘട്ടന രംഗങ്ങളോ ചിത്രത്തിലില്ല.ശത്രുവിന്‍റെ നീക്കങ്ങള്‍ മുന്‍കൂട്ടിയറിയുന്ന ഐ ജി ചന്ദ്ര ശേഖറിനെ ചുറ്റിപറ്റി എ,ബി,സി,ഡി മാതൃകയിലുണ്ടാകുന്ന കൊലപാതകമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.കൊലയാളി ചന്ദ്രശേഖറിനെ വെല്ലുവിളിക്കുന്നതോടെ ചിത്രത്തിനു നിഗൂഡതയുടെ ആവരണം കൈവരുന്നു.പതിഞ്ഞ താളത്തില്‍ തുടങ്ങി ഇന്റര്‍വല്‍ ആകുമ്പോഴേക്കും ചിത്രം ഒരു യദാര്‍ത്ഥ ത്രില്ലെര്‍ എന്തായിരിക്കണമെന്ന് കാണിച്ചു തരുന്നു.പ്രേക്ഷകരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ക്ലൈമാക്സ് ചിത്രത്തിന്‍റെ ഹൈലൈറ്റാണ്.
അടിത്തറയുള്ള ഒരു തിരക്കഥയും സംവിധാന മികവും ചിത്രത്തെ വ്യത്യസ്തമാക്കി അതോടൊപ്പം വളരെ നാളുകള്‍ക്കു ശേഷം മോഹന്‍ലാല്‍ എന്ന നടന്‍റെ അവിസ്മരണീയ അഭിനയ ശേഷി പ്രകടമായ സിനിമ കൂടിയാണ് ഗ്രാന്‍ഡ് മാസ്റ്റര്‍.സൂപ്പര്‍ സ്റ്റാര്‍ പരിവേഷങ്ങളില്ലാതെ വളരെ അനായാസമായി മോഹന്‍ലാല്‍ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നു.സാധാരണ കണ്ടു മടുത്ത പോലീസ് വേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അലറി വിളികളില്ലാതെ സര്‍ഗാത്മകമായ രീതിയില്‍ മോഹന്‍ലാല്‍ പറയുന്ന നര്‍മ്മം നിറഞ്ഞു നില്‍ക്കുന്ന ഡയലോഗുകള്‍ തീയറ്ററില്‍ കൈയടി ഉയര്‍ത്തുന്നത് വ്യത്യസ്ത അനുഭവമായി.കുറച്ചു രംഗങ്ങളില്‍ മാത്രമേ ഉള്ളുവെങ്കിലും പ്രിയാമണിയുടെ കഥാപാത്രവും പ്രേക്ഷക മനസിലിടം നേടി.നരേന്‍,ജഗതി ശ്രീകുമാര്‍,അനൂപ് മേനോന്‍ ,റോമ എന്നിവരെ കൂടാതെ ബാബുആന്‍റണിയുടെ ശക്തമായ തിരിച്ചു വരവിനും ഗ്രാന്‍ഡ് മാസ്റ്റര്‍ വേദിയാകുന്നു.മികച്ച വിഷ്വലുകള്‍,കൃത്യതയുള്ള എഡിറ്റിംഗ്,നിലവാരം പുലര്‍ത്തുന്ന ബാക്ക്ഗ്രൌണ്ട് സ്കോര്‍ തുടങ്ങിയവയും ചിത്രത്തിന്‍റെ പ്രത്യേകതകളാണ്.
No comments:
Post a Comment