ധീരമായ ചുവടുവെപ്പുകള്‍ക്ക് മലയാളസിനിമയ്ക്ക് ധൈര്യം പകര്‍ന്നു നല്‍കിയ ചിത്രമായിരുന്നു ട്രാഫിക്. മോളിവുഡ് അന്നുവരെ കണ്ടിട്ടാത്ത ശൈലിയിലുള്ള കഥയും അവതരണവും കഥാപാത്രങ്ങളുമെല്ലാം നിറഞ്ഞുനിന്ന ട്രാഫിക് മോളിവുഡില്‍ പുതിയൊരു തുടക്കത്തിന് തന്നെ നാന്ദി കുറിച്ചുവെന്ന് പറയാം. മലയാള സിനിമയിലെ വഴിത്തിരിവായ സിനിമയായി ട്രാഫിക്ക് മാറിയെങ്കിലും ഇതിന് ശേഷം രാജേഷ് പിള്ളയുടെ പേരില്‍ ഒരു സിനിമയും തിയറ്ററുകളിലെത്തിയിട്ടില്ല. ട്രാഫിക്കിന്റെ തമിഴ്-ഹിന്ദി റീമേക്കുകളുടെ പിന്നാലെയായിരുന്നു സംവിധായകന്‍ ഇത്രയും കാലം. എന്നാല്‍ ഇതെല്ലാ അനന്തമായി നീണ്ടുപോയതോടെ രാജേഷിന് മലയാളത്തില്‍ നീണ്ട ഗ്യാപ്പ് തന്നെ വന്നു. ഇപ്പോഴിതാ മലയാളത്തില്‍ ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് രാജേഷ്. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെ നായകനാക്കി സിനിമയെടുക്കാനൊരുങ്ങുകയാണ് സംവിധായകന്‍. 2012ലെ ബ്രില്യന്റ് സിനിമകളൊന്നായി വിശേഷിപ്പിയ്ക്കപ്പെട്ട ഈ അടുത്ത കാലത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയാണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിയ്ക്കുന്നത്. ഇനിയും പേരിടാത്ത ചിത്രം മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു വിരുന്നായിരിക്കുമെന്ന് ഒരു മോഹന്‍ലാല്‍ ആരാധകന്‍ കൂടിയായ രാജേഷ് പിള്ള പറയുന്നു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാതാവ്. എന്നാല്‍ ലാല്‍ ചിത്രം ഈ വര്‍ഷം ഉണ്ടാകില്ലെന്നാണ് സൂചന. രാജേഷിന്റെയും മോഹന്‍ലാലിന്റെയും തിരക്കുകളാണ് ഈ പ്രൊജക്ട് നീട്ടിവെയ്ക്കാന്‍ കാരണം. ട്രാഫിക്കിന്റെ തമിഴ് റീമേക്ക് സംവിധാനം ചെയ്യുന്നത് രാജേഷ് നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഹിന്ദി റീമേക്ക് ഒരുക്കുന്നത് രാജേഷ് തന്നെയാണ്. ഇതിന് ശേഷം മോഹന്‍ലാല്‍ പ്രൊജക്ടിന്റെ ജോലികള്‍ ആരംഭിയ്ക്കാനാണ് സംവിധായകന്റെ തീരുമാനം. ജോഷി സംവിധാനം ചെയ്യുന്ന റണ്‍ ബേബി റണ്ണിന്റെ ഷൂട്ടിങിലാണ് മോഹന്‍ലാല്‍.
Thanks : Reported by OneIndiaMalayalam