മോഹന്‍ലാല്‍ നായകനായുള്ള ബ്ലസ്സി ചിത്രം 'പ്രണയം' കാണാന്‍ സുകുമാര്‍ അഴീക്കോട് തിയ്യറ്ററിലെത്തി. 'ശ്രീ' തിയ്യറ്ററിലെത്തിയ അഴീക്കോടിനെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാല്‍ അയാളിലെ നടനെ സ്വയം തിരിച്ചറിഞ്ഞഭിനയിച്ച സിനിമയാണ് പ്രണയമെന്ന് അഴീക്കോട് വിലയിരുത്തി.
മോഹന്‍ലാലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത അഴീക്കോട് ലാലിന്റെ ചിത്രം കാണാനെത്തിയത് തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം അഴീക്കോട് ചിരിച്ചുതള്ളി. തര്‍ക്കത്തെക്കുറിച്ച് പറയാനുള്ള വേദി ഇതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുഹൃത്തുക്കളും അടുത്ത പരിചയക്കാരും കാണേണ്ട സിനിമയാണ് എന്നു പറഞ്ഞതിനെ ത്തുടര്‍ന്നാണ് സിനിമ കണ്ടത്. ഇടക്കാലത്ത് വഴിതെറ്റിപ്പോയ മലയാള സിനിമയുടെ ശക്തമായ ഒരു തിരിച്ചുവരവാണ് 'പ്രണയം'.
സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട മൂന്നുപേരും അവരവരുടെ റോളുകള്‍ ഗംഭീരമാക്കി. യൗവ്വനത്തിനപ്പുറത്തും പ്രണയം നില്‍ക്കുന്നുവെന്നു പറഞ്ഞ സിനിമ നിറയെ പ്രണയത്തിന്റെ പ്രയാണം തന്നെയാണ്-അഴീക്കോട് പറഞ്ഞു.
സാമാന്യസമൂഹത്തെ സാംസ്‌കാരികമായി ഉയര്‍ത്തിക്കൊണ്ടുവരുവാനും നടന്മാരെ അവരുടെ ചെറിയ ലോകത്തുനിന്ന് രക്ഷപ്പെടുത്താനും പ്രണയം പോലുള്ള സിനിമകള്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് അഴീക്കോട് കൂട്ടിച്ചേര്‍ത്തു.
കടപ്പാട് : മാതൃഭൂമി
No comments:
Post a Comment