മലയാളത്തില്‍ ഏറ്റവും നന്നായി കോമഡി ചെയ്യുന്ന മൂന്നു നായകര്‍ ഒരു കോമഡി ചിത്രത്തിനായി ഒന്നിച്ചാല്‍ എങ്ങനെയിരിക്കും? അതും ഹാസ്യത്തിന്റെ മര്‍മമറിഞ്ഞ ഇരട്ട സംവിധായകരുടെ ചിത്രത്തില്‍. അതിനുള്ള ഉത്തരമായിരിക്കും ചൈന ടൗണ്‍ എന്ന ചിത്രം. പ്രേക്ഷകര്‍ ദീര്‍ഘകാലമായി മനസ്സില്‍ കൊണ്ട് നടന്ന കൂട്ടുകെട്ട്- മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിവര്‍ അണിനിരക്കുന്ന ഈ ചിത്രം ഈ വര്‍ഷത്തെ ഷുവര്‍ ഹിറ്റാവും എന്നാണു പ്രതീക്ഷ.ജനപ്രിയ ചേരുവകളെല്ലാം ചേരുംപടി ചേര്‍ത്താണ് റാഫി മെക്കാര്‍ട്ടിന്‍ ചൈന ടൗണിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചൈനാ ടൗണ്‍ രണ്ട് തലമുറകളുടെ കഥ കൂടിയാണ്. ജീവിതത്തിന്റെ വ്യത്യസ്ത മേഖലയില്‍ നിന്നെത്തി കൂട്ടുകാരായ മൂന്നു പേരുടെ കഥയാണ് ചിത്രം പറയുന്നത്. ഗുണ്ടയായ മാത്യുക്കുട്ടിയായി ലാല്‍, പണക്കൊതിയന്‍ സഖറിയയായി ജയറാമും, സ്‌നേഹം ഒരു ദൗര്‍ബല്യമായി കൊണ്ടുനടക്കുന്ന ബിനോയി എന്ന കഥാപാത്രങ്ങളെ ദിലീപും അവതരിപ്പിയ്ക്കുന്നു.ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്ന മൂന്ന് പേരുടെ മക്കളാണ് മാത്യുക്കുട്ടിയും സക്കറിയയും ബിനോയിയും. പക്ഷേ ഇവരെല്ലാം പലവഴിയ്ക്കായി പിരിയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പ്രത്യേക ലക്ഷ്യത്തിന് വേണ്ടി ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒന്നിയ്ക്കുന്നതാണ് ചൈനാ ടൗണിന്റെ പ്രമേയം. ചൈനാ ടൗണിലെ ആദ്യ തലമുറയിലെ ഒരാളായി (മാത്യുക്കുട്ടിയുടെ പിതാവ്) അഭിനയിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ഉടയോന് ശേഷം ലാല്‍ വീണ്ടും അച്ഛനും മകനുമായി അഭിനയിക്കുകയാണ്. ഉടയോന് പുറമെ രാവണപ്രഭുവിലും അച്ഛനും മകനുമായി ലാല്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ചൈനാ ടൗണിലെ ആദ്യ തലമുറയിലെ മറ്റു രണ്ട് സുഹൃത്തുക്കളെ (സഖറിയയുടെയും ബിനോയിയുടെയും പിതാക്കന്‍മാര്‍) അവതരിപ്പിയ്ക്കുന്നത് ശങ്കറും ജോസുമാണ്. പഴയ തലമുറകളുടെ ഗെറ്റപ്പിലാണ് ലാല്‍ അവതരിപ്പിയ്ക്കുന്ന അച്ഛന്‍ കഥാപാത്രവും ശങ്കറും ജോസും ചൈനാ ടൗണില്‍ പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തില്‍ കാവ്യാ മാധവന്‍, പൂനം ബജ്‌വ, ദിപാഷ എന്നിവരാണ് നായികമാര്‍. ചിത്രത്തില്‍ ഒരു നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് റോമയെ ആയിരുന്നു. എന്നാല്‍ റോമ പിന്‍മാറിയതിനെതുടര്‍ന്നു പൂനം ബജ്‌വയെ കാസ്റ്റ് ചെയ്യുകയായിരുന്നു. കന്നഡയിലും മലയാളത്തിലുമായി ഒരുങ്ങുന്ന ശിക്കാരി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ജോഡിയായി പൂനം മുമ്പ് അഭിനയിച്ചിട്ടുണ്ട്. തെങ്കാശിപ്പട്ടണത്തിനുശേഷം കാവ്യാ മാധവന്‍ നായികയായി അഭിനയിക്കുന്ന റാഫി മെക്കാര്‍ട്ടിന്‍ ചിത്രം കൂടിയാണിത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാല്‍ സോളോ നായകനാവുന്ന ചിത്രങ്ങള്‍ മാത്രം ഒരുക്കാറുള്ള ആന്റണി പെരുമ്പാവൂര്‍ ആദ്യമായാണ് ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രം നിര്‍മിക്കുന്നത്.സന്തോഷ് വര്‍മ രചിച്ച് ജാസിഗിഫ്റ്റ് ഈണം പകര്‍ന്ന ഗാനങ്ങള്‍ ആണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. പ്രണയമുഹൂര്‍ത്തങ്ങളും കോമഡി ബിറ്റുകളും ചേര്‍ത്താണ് ഗാനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ക്യാമറ- അഴകപ്പന്‍. വിഷുവിനു ചിത്രം പ്രദര്‍ശനത്തിന് എത്തിക്കും.
No comments:
Post a Comment