2011 ലെ താരമാകാനുള്ള മോഹന്‍ലാലിന്റെ നീക്കങ്ങള്‍ മറ്റു താരങ്ങളെ അമ്പരപ്പിക്കുന്നു.
2011-വൈവിധ്യമുള്ള ചിത്രങ്ങളുമായി മോഹന്‍ലാല്‍
2011 ലെ താരമാകാനുള്ള മോഹന്‍ലാലിന്റെ നീക്കങ്ങള്‍ മറ്റു താരങ്ങളെ അമ്പരപ്പിക്കുന്നു. തന്റെ കരിയറില്‍ അത്രയൊന്നും പ്ലാനിംഗ് നടത്താത്ത ലാല്‍ വാശിയോടെയാണ് ഈ വര്‍ഷം വൈവിധ്യമുള്ള ചിത്രങ്ങളുമായി എത്തുക. അതില്‍ കോമഡിയുണ്ട്, ട്രാജഡിയുണ്ട്, ആക്ഷനുണ്ട്, അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉണ്ട്.. കഴിഞ്ഞ ഏതാനും വര്‍ഷത്തെ ക്ഷീണം ഒറ്റയടിക്ക് തീര്‍ക്കുകയാണ് മോഹന്‍ലാല്‍.
ബ്ലെസി ചിത്രം കൂടി പ്രഖ്യാപിച്ചതോടെ ഈ വര്‍ഷം എല്ലാ രീതിയിലുമുള്ള ചിത്രങ്ങള്‍ ലാലിന്റെ ക്രെഡിറ്റില്‍ ആയിക്കഴിഞ്ഞു. പൃഥിരാജിനെ വച്ചുള്ള ആടുജീവിതം എന്ന പ്രൊജക്ട് മാറ്റിവച്ചിട്ടാണ് ബ്ലെസി ലാലിനൊപ്പം പ്രണയം എന്ന ചിത്രം ചെയ്യുന്നത്. ചിത്രത്തില്‍ ബോളിവുഡിന്റെ അനുപം ഖേര്‍, ജയപ്രദ എന്നിവരും അഭിനയിക്കുന്നു.
മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളുടെ പോയകാലത്തെ നഷ്ട പ്രണയം തന്നെയാണ് സിനിമയുടെ പ്രമേയം. അടുത്തയാഴ്ച കൊച്ചിയില്‍ ചിത്രീകരണം ആരംഭിയ്ക്കുന്ന സിനിമയില്‍ ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവരുടെ കോമ്പിനേഷന്‍ സീനുകളാണ് ആദ്യം ചിത്രീകരിയ്ക്കുക.ഒഎന്‍വിയുടെ വരികള്‍ക്ക് ജയചന്ദ്രന്‍ ഈണം പകരും.
പ്രണയത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം പ്രിയദര്‍ശന്‍ ചിത്രമായ അറബിയും ഒട്ടകവും പി മാധവന്‍നായരും...തീര്‍ക്കുന്നതിനായി ലാല്‍ അബുദാബിയിലേക്ക് പോകും. ഇത് പൂര്‍ത്തിയാക്കിയതിന് ശേഷം ബ്ലെസി ചിത്രത്തില്‍ ലാല്‍ വീണ്ടും ജോയിന്‍ ചെയ്യും.
തുടര്‍ന്ന് മോഹന്‍ലാല്‍ റോഷന്‍ ആണ്‍ഡ്രൂസിന്റെ കാസനോവയുടെ ബാക്കി ഭാഗത്തില്‍ അഭിനയിക്കും. ലാല്‍ പ്രണയനായകനാവുന്ന ഈ ചിത്രത്തിന്റെ അടുത്ത ലൊക്കേഷന്‍ ബാങ്കോക്ക് ആണ്.
ഇതിനു പിന്നാലെ ലാലിനെ കാത്തിരിക്കുന്നത് സത്യന്‍ അന്തിക്കാടിന്റെ ചിത്രമാണ്. സത്യന്‍ അന്തിക്കാട് തന്നെയാണ് രചനയും. രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണിത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥാ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം മെയില്‍ തുടങ്ങാനാണ് പ്ലാന്‍. മോഹന്‍ലാല്‍- സത്യന്‍ കൂട്ടുകെട്ടും മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.പിന്നാലെ തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകന്‍, ലാല്‍ ജോസിന്റെ കസിന്‍സ്, സിദ്ധിഖിന്റെ ചിത്രം എന്നിവയാണ് മോഹന്‍ലാലിനു ചെയ്യേണ്ടത്. റിലീസ് ചെയ്യാനുള്ളവയായി മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളായ ക്രിസ്ത്യന്‍ ബ്രദേഴ്സും ചൈനാ ടൗണും.കുറച്ച് വൈകിയാണെങ്കിലും രാജകീയമായിത്തന്നെയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ വരവ്. മാര്‍ച്ച് പത്തിന് തന്നെ ചിത്രം തിയറ്ററുകളില്‍ എത്തും. ഒന്നും രണ്ടുമല്ല മൂന്നൂറ് കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക. ഓള്‍ ഇന്ത്യ റിലീസ് അല്ല അണിയറ പ്രവര്‍ത്തകരുടെ ലക്‌ഷ്യം. ആഗോള റിലീസ് തന്നെയാണ്.
തമിഴ് സൂപ്പര്‍താര ചിത്രങ്ങളെ അനുസ്മരിപ്പിക്കും വിധം ലോകവ്യാപകമായി ചിത്രം എത്തിക്കുകയാണ് ലക്‌ഷ്യം. ഒരു മലയാള ചിത്രം ഈ വിധം റിലീസ് ചെയ്യുന്നത് ആദ്യമാണ്. നിലവില്‍ രണ്ടാഴ്ചയും മൂന്നാഴ്ചയും കഴിഞ്ഞാണ് മലയാള ചിത്രങ്ങള്‍ വിദേശത്ത് പ്രദര്‍ശിപ്പിക്കുന്നത്. വിദേശത്ത് അമേരിക്ക, യു എ ഇ, ഓസ്ട്രേലിയ, ന്യൂസിലന്റ്, ലണ്ടന്‍, മലേഷ്യ, സിംഗപ്പൂര്‍ എന്നിവടങ്ങളിലും ഇന്ത്യയില്‍ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും മാര്‍ച്ച് 10നു തന്നെ ക്രിസ്ത്യന്‍ ബ്രദേഴ്സ് പ്രദര്‍ശനത്തിനെത്തും.കേരളത്തില്‍ തന്നെ നൂറ്റമ്പതിലേറെ കേന്ദ്രങ്ങളില്‍ ചിത്രം ഉണ്ടാവും. മോഹന്‍ലാല്‍, ദിലീപ്, സുരേഷ്ഗോപി, കാവ്യ, ലക്ഷ്മിറായി, കനിഹ എന്നിവരാണ് ഇതിലെ താരങ്ങള്‍. ഷുവര്‍ ഹിറ്റാവും ഈ ചിത്രമെന്നാണ് വിലയിരുത്തലുകള്‍.
ക്രിസ്ത്യന്‍ ബ്രദേഴ്സ് മൂന്നു വാരം പിന്നിടുമ്പോഴെയ്ക്കും അടുത്ത ചിത്രവും എത്തും. മോഹന്‍ലാല്‍, ജയറാം, ദിലീപ്, കാവ്യ എന്നിവര്‍ അണിനിരക്കുന്ന റാഫി മെക്കാര്‍ട്ടിന്‍ ചിത്രമായ ചൈന ടൗണിന്റെ റിലീസ് മാര്‍ച്ച് 30 നാണ്. ജനപ്രിയ ചേരുവകളെല്ലാം ചേരുംപടി ചേര്‍ത്ത് തയാറാകുന്ന ഈ ചിത്രം വിഷുക്കാലത്ത് തിയറ്റര്‍ ഭരിക്കുമെന്ന് ഉറപ്പിക്കാം.
പിന്നീട് ഒന്നിന് പിറകെ ഒന്നായി, പ്രിയന്‍ ചിത്രം, റോഷന്‍ ചിത്രം, സത്യന്‍ ചിത്രം എന്നിവ റിലീസ് ചെയ്യുന്നതോടെ മോഹന്‍ലാല്‍ താര സിംഹാസനം തിരിച്ചു പിടിക്കുമെന്ന് ഉറപ്പിക്കാം.
No comments:
Post a Comment